ഏഷ്യൻ ഗെയിംസ് ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയ്‌ക്ക് വെള്ളി തിളക്കം. 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് വിഭാഗത്തിലാണ് ഇന്ത്യൻ ഷൂട്ടേഴ്‌സ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. സരബ്‌ജോത് സിംഗ്- ടി.എസ് ദിവ്യ സഖ്യത്തിനാണ് മെഡൽ ലഭിച്ചത്. ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്‌സിൻ സഖ്യത്തോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ 14-16 എന്ന സ്‌കോറോടെ രണ്ടാം സ്ഥാനം നേടിയത്. ഏഴാം ദിവസം വെള്ളിയിൽ ഇന്ത്യ തുടക്കം കുറിച്ചപ്പോൾ ഷൂട്ടിംഗിൽ ആകെ 19 മെഡലുകളാണ് ലഭിച്ചത്.എട്ട് സ്വർണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകൾ നേടി ഇന്ത്യ നാലാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്കുള്ള ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും സ്വർണത്തിലേക്കുള്ള കുതിപ്പ് തുടങ്ങുകയാണ്. പുരുഷന്മാരുടെ ലോംഗ് ജംപിലാണ് മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. 1500 മീറ്റർ ഓട്ടമത്സരത്തിലാണ് ജിൻസൺ സ്വർണത്തിലേക്ക് കുതിക്കുന്നത്. ഇവരോടൊപ്പം ലോംഗ് ജംപിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി, വിത്യ രാംരാജ് എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.