ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു
ബെയ്‌ജിങ്ങ്: ചൈനയില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ഗെയിംസ് നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ചൈനയിലേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചപ്പോഴും ഗെയിംസ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ചൈനീസ് നിലപാട്. ഇപ്പോൾ കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഗെയിംസ് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചതായി ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിന്റെ അറിയിപ്പിനെ തുടർന്ന് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഗെയിംസിന്‍റെ പുതുക്കിയ തിയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
വാണിജ്യനഗരമായ ഹാങ്ഷൂവില്‍ 18പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ്. 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറാനോ കഴിയില്ലെന്ന് ചട്ടവും നിലവില്‍ വന്നിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തൽ.