'വാക്‌സിനെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പുറത്തിറങ്ങേണ്ട; ഓഫീസിലും റസറ്ററന്റിലും കയറ്റില്ല'; കടുത്ത നിയന്ത്രണങ്ങളുമായി അസം സര്‍ക്കാര്‍
ഗുവാഹത്തി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് അസം സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ഓഫീസുകളിലും റസ്റ്ററന്റുകളിലും പൊതു പരിപാടികളിലും കയറ്റില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ആവശ്യമെങ്കില്‍ വാക്‌സിന്‍ സര്‍ട്ടിഫക്കറ്റ് കാണിക്കേണ്ടിവരും. പൊതുജന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അസമില്‍ അനുവദിക്കില്ലെന്ന് ശര്‍മ വ്യക്തമാക്കി. ഒരാവശ്യത്തിനും വാക്‌സിന്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമല്ലെന്നും വാക്‌സിനെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജനുവരി 16 മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് അസം മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അസമില്‍ ഇതുവരെ നാലുകോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ ഭാഗമായി, 7,67,253പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 56,000പേര്‍ക്ക് കരുതല്‍ ഡോസും നല്‍കി.
ഇതുവരെ അസമില്‍ 653,717പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6,217പേര്‍ മരിച്ചു. 622,205പേര്‍ രോഗമുക്തരായി. 23,948 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നുണ്ട്.