കൊവിഡ് നിയന്ത്രണങ്ങൾ മുഴുവൻ പിൻവലിക്കാൻ അസം; ഫെബ്രുവരി 15 മുതൽ ജീവിതം സാധാരണ നിലയിലാകും
മുഴുവൻ കൊവിഡ് നിയന്ത്രണങ്ങളും ഫെബ്രുവരി 15 മുതൽ എടുത്തു കളയുമെന്ന് അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 15 മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഉണ്ടാകില്ല. ഷോപ്പിങ്ങ് മാളുകളും സിനിമാ ഹാളുകളും പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സിൻ എടുത്ത അതിഥികളെ പങ്കെടുപ്പിച്ചുള്ള വിവാഹങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മജുലി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നേരത്തേ നിശ്ചയിച്ചതു പോലെ നടത്തും. സ്കൂൾ പരീക്ഷകളും അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
വൈറസ് വ്യാപനത്തിന് തടയിടാൻ വാക്സിൻ എടുക്കാത്ത ആളുകൾ ആശുപത്രികൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. പൊതുസ്ഥലത്ത് പോകുമ്പോൾ കുത്തിവെപ്പ് എടുത്തതിന്റെ രേഖകൾ കാണിക്കാനും ആളുകളോട് ആവശ്യപ്പെട്ടിരുന്നു.