ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്‍റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായ- നിർദ്ദേശങ്ങൾ തേടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ അല്ലെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നേക്കും. പരമാവധി വോട്ടർമാർക്ക് ബൂത്തുകളിൽ എത്താൻ കഴിയുന്ന കാലാവസ്ഥ കണക്കിലെടുത്താണ് തീയതി തീരുമാനിക്കുക. ബി.ജെ.പി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. 2019 ൽ ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ വർഷമോ അടുത്ത വർഷമോ നടത്തേണ്ടതുണ്ട്.