പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്ഐ മിന്നൽ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തതായി സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച ക്ലെയിം കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ 6 ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിഴവ് മൂലം പട്ടികയിൽ ഉൾപ്പെട്ടവരുടെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി.പി.യൂസഫ് ഉൾപ്പെടെ 18 പേർക്കെതിരായ ജപ്തി നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.



Related Posts