രോഗികള്‍ക്ക് ആശ്വാസമാകാന്‍ ആശ്വാസ് ഭവനങ്ങള്‍

തൃശൂര്‍ ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഇനി ആശ്വസിക്കാം. 4 കോടി ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആശ്വാസ് വാടക വീടുകളാണ് രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാവുക. മെഡിക്കല്‍ കോളേജിന് സമീപം വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പദ്ധതി ഗുണം ചെയ്യും.
ആശ്വാസ് വീടുകളിലൂടെ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് സൗകര്യം ഒരുക്കാനാകും. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകാതെ പരിശോധനകള്‍ക്കും മറ്റുമായി കൂടുതല്‍ ദിവസം തങ്ങേണ്ടി വരുന്ന രോഗികള്‍ക്ക് പദ്ധതി സഹായകരമാണ്. ഭീമമായ ചെലവ് കാരണം സാധാരണക്കാര്‍ക്ക്പുറത്ത് റൂമെടുക്കുന്നതിനോ താമസിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. ഇതിനും പരിഹാരമാവുകയാണ് ആശ്വാസ് ഭവന പദ്ധതി.
തലപ്പിള്ളി താലൂക്കിലെ പെരിങ്ങണ്ടൂര്‍ വില്ലേജില്‍ ഇതിനായി കണ്ടെത്തിയ സ്ഥലം മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്ന് കൈമാറി. ഒറ്റ ബ്ലോക്കില്‍ 2 നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ 12 ബാത്ത് അറ്റാച്ച്ഡ് സിംഗിള്‍ ബെഡ് റൂമുകളും, 24 കിടക്കകളുള്ള ഒരു ഡോര്‍മിറ്ററിയും ഉണ്ടാകും. 75 കിടക്കകള്‍ക്കുള്ള സൗകര്യവുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍മാണ ചുമതല.
ആശ്വാസ് വാടക വീടിൻ്റെ തറക്കല്ലിടല്‍ സെപ്തംബര്‍ 4 ന് റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. എം എല്‍ എ സേവിയര്‍ ചിറ്റിലപിള്ളി അധ്യക്ഷത വഹിക്കും. ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ ദേവസ്വം പാര്‍ലിയമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.