പെണ്ണിനെന്താ ആണിനെ കൊണ്ടുവന്നാൽ; ജെൻഡർ റോൾ തിരിച്ചിട്ട് ഹരിയാനയിലെ പെൺകുട്ടി
അംബാലയിലെ ഒരു വിവാഹച്ചടങ്ങിൽ കൈയിൽ വാളേന്തിയ വധു കുതിരപ്പുറത്തേറി വരന്റെ വീട്ടിലെത്തി. സാധാരണ പെണ്ണ് കൊണ്ടുവരൽ ചടങ്ങാണ് നാട്ടിൽ നടക്കാറുള്ളത്. അംബാലയിൽ നടന്നത് ആണിനെ കൊണ്ടുവരലാണ്. ആചാരപ്രകാരം വരനാണ് വധുവിൻ്റെ വീട്ടിലേക്ക് ബറാത്തുമായി എത്തുന്നത്. അതാണ് ഹരിയാനയിലെ പ്രിയ എന്ന പെൺകുട്ടി തിരുത്തിക്കുറിച്ചത്.
താൻ അതീവ സന്തോഷവതിയാണെന്നും കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ് സഫലമായതെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ വിവാഹം എന്നത് ആണുങ്ങളുടെ ചടങ്ങായാണ് കണക്കാക്കപ്പെടുന്നത്. പെൺകുട്ടികൾക്ക് അതിൽ ആക്റ്റീവ് ആയ റോളില്ല. പങ്കാളി എന്ന ചുമതല മാത്രം. തൻ്റെ വിവാഹത്തോടെ അത് തിരുത്തിക്കുറിച്ചു. ആൺകുട്ടികൾക്ക് നൽകുന്ന എല്ലാവിധ സ്വാതന്ത്ര്യവും നൽകിയാണ് കുടുംബം തന്നെ വളർത്തിയത്.
പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴ്ന്നവരാണെന്ന മിഥ്യാധാരണ തകർക്കാനാണ് താൻ ശ്രമിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് നരീന്ദർ അഗർവാൾ പറഞ്ഞു. നിയമ വിദ്യാർഥിനിയാണ് പ്രിയ. പിതാവിൻ്റെ ആഗ്രഹപ്രകാരമാണ് നിയമ പഠനം തിരഞ്ഞെടുത്തതെന്നും അറിയപ്പെടുന്ന അഭിഭാഷകയാവാനാണ് ആഗ്രഹമെന്നും പ്രിയ പറഞ്ഞു.