നീണ്ട നിയമയുദ്ധത്തിനൊടുവിൽ ജയലളിതയുടെ വേദനിലയം അനന്തരവൾ ദീപയ്ക്ക് കൈമാറി
നീണ്ട നിയമ യുദ്ധത്തിനൊടുവിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന വേദനിലയം അവരുടെ അനന്തരവൾ ദീപ ജയകുമാറിന് കൈമാറി. മുൻ എഐഎഡിഎംകെ സർക്കാർ പോയസ് ഗാർഡനിലെ വസതി ഏറ്റെടുത്ത് ഒരു സ്മാരകമാക്കി മാറ്റിയിരുന്നു. കുടുംബത്തിൻ്റെ താത്പര്യം പരിഗണിക്കാതെയുള്ള സർക്കാർ നടപടിയാണ് കേസിലേക്കും ദീർഘകാലത്തെ കോടതി വ്യവഹാരങ്ങളിലേക്കും കാര്യങ്ങളെ വലിച്ചിഴച്ചത്.
ചെന്നൈ ജില്ലാ ഭരണകൂടമാണ് വേദനിലയത്തിൻ്റെ താക്കോൽ ദീപയ്ക്ക് കൈമാറിയത്. ജയലളിതയുടെ അസാന്നിധ്യത്തിൽ ആദ്യമായാണ് താൻ വേദനിലയത്തിൽ എത്തുന്നതെന്ന് ദീപ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വേദനിലയത്തിൻ്റെ അവസ്ഥ വേദനാജനകമാണ്. തീർത്തും ശൂന്യവും വിജനവും ആയി. അമ്മായി ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ ആരോ എടുത്തുകൊണ്ടുപോയെന്ന് അവർ പറഞ്ഞു.
വേദനിലയം ഏറ്റെടുത്ത സർക്കാർ തീരുമാനം റദ്ദു ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിധി വന്നത് നവംബർ 24-നാണ്. നിയമ പ്രകാരമുള്ള അനന്തരാവകാശികൾക്ക് വേദനിലയം കൈമാറണമെന്നായിരുന്നു ഉത്തരവ്. ദീപയും സഹോദരൻ ദീപക്കുമാണ് സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നത്. 80 കോടിയോളം രൂപ മുതൽ മുടക്കിൽ പണിതീർത്ത ഒരു സ്മാരകം മറീന ബീച്ചിൽ ഉള്ളപ്പോൾ വേദനിലയം ഏറ്റെടുത്ത് സ്മാരകം ആക്കേണ്ട ആവശ്യമെന്തെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. എന്തായാലും സിംഗിൾ ബെഞ്ചിൻ്റെ വിധിയെ ചോദ്യം ചെയ്യാനും നിയമ പോരാട്ടം തുടരാനുമാണ് സർക്കാർ തീരുമാനം.