അത്താഴം മുട്ട്......

ഒരുകാലത്ത് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ തുടർച്ചയായി ഒരു ദേശം അത്താഴത്തിനായി ഉണർന്നിരുന്നത് അറബന മുട്ടിയുള്ള ഈ പാട്ടുകളിലൂടെയാണ്.

അത്താഴം മുട്ട്......

"മുട്ടാര് വന്നല്ലോ... അത്താഴം മുട്ടാര് വന്നല്ലോ...

നോമ്പ് പിടിചോളീ...നിങ്ങൾ നോമ്പ് പിടിചോളീ....

കാരക്കകൾ കൊണ്ട് നോമ്പ് തുറ...

അത് ഈത്തപഴമായാലും തുറന്നോളീ...

നിയ്യത്ത് മറക്കേണ്ട...നോമ്പിൻ നിയ്യത്ത് വെചോളീ.."

ഒരുകാലത്ത് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ തുടർച്ചയായി ഒരു ദേശം അത്താഴത്തിനായി ഉണർന്നിരുന്നത് അറബന മുട്ടിയുള്ള ഈ പാട്ടുകളിലൂടെയാണ്.

തൃശൂർ ജില്ലയിലെ അന്തിക്കാട് പഞ്ചായത്തിൽ മുറ്റിച്ചൂർ മഹല്ലിൽ പഴയ കാലത്ത് അത്താഴത്തിനു എഴുന്നേൽക്കാനായ് മഹല്ല് നിവാസികളെ റമദാൻ 30 ദിവസവും ഉണർത്തിയത് അന്നത്തെ യുവാക്കൾ ചെയ്തിരുന്നത് ശങ്ക് ഊതിയായിരുന്നു. തുടക്കത്തിൽ നാലഞ്ചു പേർ മാത്രമായി ചെയ്തിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ പത്തിരുപത് പേർ തുടർന്നു. പതിയെ അറബന മുട്ടിയും ദഫ് മുട്ടിയും ആയി അത്താഴം വിളി.

ബൈത്തും പാട്ടുമൊക്കെയായി ഓരോ വീട്ടുകാരെയും ഉണർത്തി അവർ നീങ്ങുമ്പോൾ തോന്നും എനിക്കും ഒരു തവണയെങ്കിലും ഇവരോടൊപ്പം പോകണമെന്ന്. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു...ഇടക്ക് അത്താഴം വിളിയുടെ പഴയ ആളുകളൊക്കെ ജീവിതത്തിന്റെ പെടപാടുകളിൽ നിന്നും അല്പമെങ്കിലും ആശ്വാസമാകാൻ വിദേശത്തേക്ക് പോയി.

ആ വർഷം അത്താഴമുട്ട് മൂന്നോ നാലോ ദിവസം നടന്നിരുന്നില്ല. അന്നേരം സീനിയർ മുട്ടുകാർ അത്താഴം വിളിക്ക് പോകാൻ ആളെകിട്ടാതെ പ്രയാസപ്പെട്ടിരുന്ന സമയം. പിന്നെ ഒന്നും നോക്കിയില്ല, അന്ന് രാത്രി മുതൽ അവരോടൊപ്പം കൂടി. എന്തിനും വിമർശകർ ഉള്ളത് കൊണ്ട് തന്നെ അതൊന്നും തലക്ക് കൊടുത്തില്ല. അറബന-ദഫ് മുട്ട് എനിക്ക് നന്നേ വഴങ്ങിയിരുന്നത് കൊണ്ട് താളത്തിനൊത്ത് പാടി മുട്ടി നടന്നു. എന്റെ വന്ദ്യ പിതാവിന്റെ അമ്മാവൻ മർഹൂം ശംസുദ്ധീൻ ഗുരുക്കളായിരുന്നു എന്റെ ആദ്യ ഗുരു. 2 ടീം ആയി വടക്ക്-തെക്ക് ഭാഗങ്ങളിലായി ഞങ്ങൾ മുട്ടി നടന്നു. ആദ്യമൊക്കെ പ്രയാസമുള്ള നടത്തമായിരുന്നെങ്കിൽ പിന്നീടത്‌ വളരെ സുഖകരമായി തോന്നി. പുലർച്ചെ 1.30 നു തുടങ്ങി ഏകദേശം 4 മണിക്ക് അവസാനിക്കും. ഇടയിൽ നാനൂറോളം വീടുകൾ..ഇരു ടീമിലും 10 പേര് വീതം. പിന്നീട് തുടര്ച്ചയായി 3 വർഷം അത് തുടർന്നു.

ഓരോദിവസവും പലഹാരങ്ങളും മറ്റുമായി പല കുടുംബങ്ങളും കാത്തു നിൽക്കും. അതിലേറെയും കൊട്ടാരപ്പറമ്പിലെ മുഹമ്മദ്ക്കാടെ ഏലക്കായയിട്ട കട്ടൻ ചായയും ചിപ്സ്സുമാണ്.

കോരിച്ചൊരിയുന്ന മഴയത്തും നിലം കുലുങ്ങുന്ന ഇടിമിന്നലിലും അത്താഴം മുട്ട് മുടങ്ങാറില്ല. മഴയും കാറ്റും മഞ്ഞുമെല്ലാം കൊണ്ട് ഞങ്ങളങ്ങനെ പോകും.

പിന്നെ പിന്നെ ആർക്കും താല്പര്യമില്ലാതെ ആയി. മൊബൈലും മറ്റും പെരുകിയതോടെ അത്താഴം മുട്ടിന്റെ പ്രസക്തിയും നഷ്ട്ടപ്പെട്ടു.

ഇന്ന് ഓരോ നോമ്പും കടന്നു പോകുമ്പോൾ അന്നത്തെ അത്താഴം മുട്ട് ഓർമ വരുന്നു...

അന്ന് നഷ്ടപ്പെട്ടത് ഇനി വരും തലമുറകൾക്കില്ല...

ഇക്ബാൽ മുറ്റിച്ചൂർ

Related Posts