അതിരപ്പിള്ളി ടൂറിസം വികസനം : എം എൽ എയുടെ നേതൃത്വത്തിൽ യോഗം
അതിരപ്പിള്ളി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സനീഷ് കുമാർ ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ചേംബറിൽ യോഗം ചേർന്നു. അതിരപ്പിള്ളിയുടെ സമഗ്ര ടൂറിസം വികസനത്തിന് മാത്രമായി മാസ്റ്റർ പ്ലാൻ വേണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശിച്ചു.
സാധാരണക്കാരന് കൂടി ഗുണപ്രദമാകുന്ന തരത്തിൽ ടൂറിസം വികസിക്കണം. കേരളത്തിൽ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് അതിരപ്പിള്ളി. എന്നാൽ ടൂറിസത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. അതിരപ്പിള്ളിയുടെ സമഗ്ര വികസനത്തിനുള്ള ഇടപെടൽ ഉണ്ടാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
മലക്കപ്പാറ ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം 14 ന് മുൻപ് തുടങ്ങാൻ യോഗം തീരുമാനിച്ചു. റെസ്റ്ററന്റും അഞ്ച് മുറികളും ഉൾപ്പെടെയാണ് ഫെസിലിറ്റേഷൻ സെന്റർ. ശുചിമുറി, പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെ സെന്ററിലുണ്ടാകും. ഹാന്റിക്രാഫ്റ്റിന് പ്രത്യേക സ്റ്റാൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും.
മലക്കപ്പാറയിൽ അക്ഷയ, എ ടി എം, പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. അതിരപ്പിള്ളി - വാഴച്ചാൽ റൂട്ടിൽ ട്രക്കിംഗ് തുടങ്ങാൻ നടപടികൾ സ്വീകരിക്കും. അതിരപ്പിള്ളി കേന്ദ്രീകരിച്ച് വാട്ടർഫാൾ ടൂറിസ്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന് കലക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. അതിരപ്പിള്ളി പാർക്കിംഗിനും ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുന്നതിനും ഫോറസ്റ്റ് ലാന്റ് തരുമെന്ന് ഡി എഫ് ഒ യോഗത്തിൽ അറിയിച്ചു.