വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നതിന് വിലക്കുമായി അത്‌ലറ്റിക്‌സ് കൗൺസിൽ

മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വനിതകളെ പങ്കെടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്ലറ്റിക്സ് കൗൺസിൽ. മാർച്ച് 31 മുതൽ പ്രായപൂർത്തിയായ ഒരു ട്രാൻസ്ജെൻഡർ അത്‌ലറ്റിനെയും വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ലോക അത്ലറ്റിക്സ് കൗൺസിൽ പ്രസിഡന്‍റ് ലോർഡ് കോ വ്യക്തമാക്കി. ട്രാൻസ്ജെൻഡർ അത്‌ലറ്റുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളിലെത്താൻ വിശദമായ പഠനം നടത്തുമെന്നും ലോർഡ് കോ അറിയിച്ചു. എക്കാലത്തും വിലക്ക് ഏർപ്പെടുത്തുമെന്നല്ല പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. മത്സരത്തിന് മുമ്പുള്ള 12 മാസങ്ങളിൽ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായി 5 ൽ നിർത്താൻ ട്രാൻസ് അത്‌ലറ്റുകൾക്ക് സാധിച്ചാൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നു. സ്ത്രീ വിഭാഗത്തെ സംരക്ഷിക്കുക എന്ന പൊതു തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്നും ലോർഡ് കോ പറഞ്ഞു. നിലവിൽ ട്രാൻസ്ജെൻഡർ അത്‌ലറ്റുകളൊന്നും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നില്ലെന്നും ലോർഡ് കോ കൂട്ടിച്ചേർത്തു. ലോക അത്ലറ്റിക്സ് കൗൺസിൽ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും അന്താരാഷ്ട്ര തലത്തിൽ വനിതാ വിഭാഗത്തിൽ മത്സരിക്കണമെങ്കിൽ, അവർ രണ്ട് വർഷത്തേക്ക് ഈ പരിധിക്കുള്ളിൽ തുടരണമെന്ന് കൗൺസിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ 400 മീറ്റർ മുതൽ ഒരു മൈൽ വരെയുള്ള മത്സരങ്ങളിലായിരുന്നു നിയന്ത്രണം. നേരത്തെ മത്സരിച്ച കളിക്കാർക്ക് ഇടക്കാല വ്യവസ്ഥകൾ ഏർപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.