വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രാനുമതി തേടി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി തേടി പോലീസ്. സിവിൽ ഏവിയേഷൻ വകുപ്പ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിനാലാണ് ഈ നീക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ ആക്രമിച്ച കേസിലെ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.  സ്വർണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിമാനത്തിനുള്ളിലെ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതായാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനും ഗൂഡാലോചനയിൽ പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവയ്ക്കൊപ്പം സിവിൽ ഏവിയേഷൻ ആക്ടിലെ ഒരു വകുപ്പും ചുമത്തിയതിനാലാണ് കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടുന്നത്. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, എയർപോർട്ട് ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രത്തിന്‍റെ കരടും തയ്യാറാക്കിയിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ലഭിച്ചാലുടൻ പോലീസ് പ്രോസിക്യൂഷൻ അനുമതി തേടും.  ഈ മാസം തന്നെ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം ഫോറൻസിക് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തിയ പ്രവർത്തകരെ ഇ.പി ജയരാജൻ തള്ളിയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പി.എ.സനീഷും ഗണ്മാൻ അനിലും തങ്ങളെ മർദ്ദിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുത്തില്ല. ഒടുവിൽ കോടതി നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ വലിയതുറ പോലീസ് കേസെടുത്തു. കേസിന്‍റെ റിപ്പോർട്ട് അടുത്ത മാസം ആദ്യം സമർപ്പിക്കും.



Related Posts