അട്ടപ്പാടി മധു കേസ്; ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 12 പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പാലക്കാട് പ്രത്യേക കോടതി ഉത്തരവിട്ടത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ പരിഷ്കരിക്കാനോ കീഴ്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മധു വധക്കേസിലെ സാക്ഷിപ്പട്ടികയിലുള്ള മധുവിന്‍റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീ ഭർത്താവ് മുരുകൻ എന്നിവരെ നാളെ വിസ്തരിക്കും. മധുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതിന് ചികിത്സ നൽകിയിരുന്നതായും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. മൂന്നു പേരെയും ഒരുമിച്ചാണ് വിസ്തരിക്കുക.