അട്ടപ്പാടി മധു വധക്കേസ്; കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കും
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കും. ജെറോമിക് ജോർജിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് കളക്ടറെ വിസ്തരിക്കുന്നത്. ഒന്നാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് സമൻസ് അയയ്ക്കാനാണ് കോടതിയുടെ തീരുമാനം. വിഴിഞ്ഞത്ത് പ്രതിഷേധങ്ങളും സംഘർഷങ്ങളും നടക്കുന്നതിനാൽ എത്താൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മധു കേസിലെ എഴുപത്തിയെട്ടാം സാക്ഷി ജെറോമിക് ജോർജിനെ നേരത്തെയും വിസ്തരിച്ചിരുന്നു. മധു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ ഡിസംബർ അഞ്ചിന് വിസ്തരിക്കും. ഇൻക്വസ്റ്റ് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി.