അട്ടപ്പാടി മധു വധക്കേസ്, ശിക്ഷാ വിധി നാളെ
പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ ശിക്ഷാ വിധി നാളെ. 1,2,3,5,6,7,8,9,10,12,13,14,15,16 പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. പ്രതികൾക്കെതിരെ നരഹത്യാകുറ്റം, അന്യായമായ സംഘം ചേരൽ എന്നിവ തെളിഞ്ഞു. നാലും പതിനൊന്നും പ്രതികളെ വെറുതേവിട്ടു. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്.
16 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. നാലു പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതുള്‍പ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാണ് മധുകേസ് വിചാരണക്കിടെ നടന്നത്.