അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം; ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നല്‍കിയത്.

ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും ‘തന്റെ മേല്‍ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടുമെന്നും ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകള്‍ എടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Posts