അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം, 19 വയസ്സുള്ള പാക് ഭീകരൻ ജീവനോടെ പിടിയിൽ, ഒരാളെ കൊലപ്പെടുത്തി
ലഷ്കർ ഇ തയ്ബ സംഘാംഗമായ 19 കാരൻ പാകിസ്താനി ഇന്ത്യൻ സേനയുടെ പിടിയിലായതായി മേജർ ജനറൽ വീരേന്ദ്ര വാറ്റ്സ്. ഇന്നലെ വൈകുന്നേരം ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നിയന്ത്രണ രേഖയ്ക്കടുത്ത് വെച്ചുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരരിൽ ഒരാളെ ജീവനോടെ പിടികൂടിയതും മറ്റൊരാളെ കൊലപ്പെടുത്തിയതും.
പാകിസ്താനിലെ പഞ്ചാബുകാരനാണ് പിടിയിലായ അലി ബാബർ പത്ര. താൻ ലഷ്കർ ഇ തയ്ബയിൽ അംഗമാണെന്നും പാകിസ്താനിലെ മുസാഫറാബാദിൽ വെച്ച് തീവ്രവാദി സംഘടനയുടെ പരിശീലനം നേടിയിട്ടുണ്ടെന്നും അയാൾ വെളിപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിർത്തിയിൽ ഏഴുതവണ നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമങ്ങൾ നടന്നെന്നും അവയെല്ലാം സൈന്യം പരാജയപ്പെടുത്തിയെന്നും മേജർ ജനറൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്താൻ സൈന്യത്തിൻ്റെ അറിവോടെയല്ലാതെ നിയന്ത്രണ രേഖയിൽ ഇത്തരം നീക്കങ്ങൾ നടത്തുക അസാധ്യമാണ്. ഫെബ്രുവരിയിലെ വെടി നിർത്തലിനു ശേഷം നടന്ന ഏറ്റവും വലിയ ഭീകരവിരുദ്ധ ആക്രമണമാണ് സൈന്യം നടത്തിയത്. ഏഴോളം ശ്രമങ്ങൾ പരാജയപ്പെടുത്തി. പട്രോളിങ്ങിനിടെ കണ്ടെത്തിയ മൂന്നോളം നുഴഞ്ഞുകയറ്റങ്ങളെ തടഞ്ഞു. സെപ്റ്റംബർ 18 മുതൽ ഉറി, രാംപുർ സെക്ടറുകളിൽ സൈന്യത്തിൻ്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തിനിടയിൽ നടന്ന പ്രത്യാക്രമണങ്ങളിൽ 3 സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.