ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ ഓഡിറ്റ് 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിനെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. നേരത്തേ, ക്ഷേത്രത്തിൻ്റെയും ട്രസ്റ്റിൻ്റെയും വരവ് ചെലവ് കണക്കുകൾ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ക്ഷേത്രവും ട്രസ്റ്റും രണ്ടാണെന്നും ക്ഷേത്രത്തിൻ്റെ ഓഡിറ്റ് പരിധിയിൽ ട്രസ്റ്റ് വരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ട്രസ്റ്റിനെ ഓഡിറ്റിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കാണ് ഓഡിറ്റ് ചെയ്യേണ്ടത്. മൂന്ന് മാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണം എന്ന സമയപരിധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭരണസമിതിയുടെ അധികാര പരിധിയിൽ വരുന്നതാണോ ട്രസ്റ്റിൻ്റെ പ്രവർത്തനം എന്ന വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിച്ചു.