ഓങ് സാൻ സൂകിക്ക് ആറ് വർഷം കൂടി തടവ് ശിക്ഷ പ്രഖ്യാപിച്ച് കോടതി
നയ്പിഡോ: സമാധാനത്തിനുള്ള നൊബേൽ ജേതാവും മ്യാൻമർ നേതാവുമായ ഓങ് സാൻ സൂകിക്ക് ആറ് വർഷം കൂടി തടവ് ശിക്ഷ വിധിച്ചു. അന്തരിച്ച അമ്മയുടെ പേരിലുള്ള ചാരിറ്റിയുമായി ബന്ധപ്പെട്ട നാല് അഴിമതി ആരോപണങ്ങളിൽ സൂകി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. തലസ്ഥാനമായ നയ്പിഡോവിലെ ജയിൽ കോമ്പൗണ്ടിനുള്ളിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഓങ് സാൻ ഇപ്പോൾ 11 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2021 ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുകയും സൂകിയുടെ മൊത്തം ജയിൽ ശിക്ഷ 17 വർഷമായി ഉയർത്തുകയും ചെയ്തതിന് ശേഷമുള്ള നാലാം റൗണ്ട് ക്രിമിനൽ വിധിയാണിത്. പൊതുജനാരോഗ്യത്തെ പിന്തുണയ്ക്കുന്ന ജീവകാരുണ്യ സംഘടനയായ ഡാവ് ഖിന്‍ കീ ഫൗണ്ടേഷന്റെ ആസ്ഥാനവും അനുബന്ധ പദ്ധതികളും നിർമ്മിക്കുന്നതിനായി നയ്പിഡോയില്‍ ഭൂമി പാട്ടത്തിനെടുത്തതിലൂടെ സൂകി 24.2 ബില്യണ്‍ ക്യാറ്റ് (13 മില്യണ്‍ ഡോളര്‍) നഷ്ടമുണ്ടാക്കിയെന്ന് മാന്‍ഡലെ റീജിയന്‍ ഹൈക്കോടതി ജഡ്ജി മൈന്റ് സാന്‍ വിധിച്ചു.