ഓസ്ട്രേലിയൻ ഓപ്പണ്‍; സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിഫൈനലിൽ ബ്രിട്ടന്‍റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസയർ ക്രാവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയത്. സ്കോർ 7-6, 6-7, 10-6. ക്വാർട്ടർ ഫൈനലിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലീന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ ലഭിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. എറിയൽ ബെഹാർ, മകാറ്റോ നിനോമിയ എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു സാനിയയും ബൊപ്പണ്ണയും അവസാന എട്ടിലേക്ക് മുന്നേറിയത്. സാനിയ- ബൊപ്പണ്ണ കൂട്ടുകെട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. 2016 റിയോ ഒളിമ്പിക്സിൽ മിക്സഡ് ഡബിൾസ് ഫൈനലിൽ ഇരുവരും സെമിഫൈനലിൽ എത്തിയിരുന്നു. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ സാനിയ മിർസ 2009 ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് നേടിയിട്ടുണ്ട്. 2016 ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസ് നേടി. രോഹൻ ബൊപ്പണ്ണ ഇതുവരെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടില്ല. 2018 ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിൾസ് ഫൈനലിൽ എത്തിയിരുന്നു.