വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം ഡാൻ ക്രിസ്റ്റ്യൻ
ഓസ്ട്രേലിയ: ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ക്രിക്കറ്റ് സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ. 39 കാരനായ ഓൾറൗണ്ടർ നിലവിൽ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ക്രിസ്റ്റ്യൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓസ്ട്രേലിയയ്ക്കായി 20 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ടി20 ലീഗുകളിലെ സൂപ്പർ സ്റ്റാറാണ് ക്രിസ്റ്റ്യൻ. പല രാജ്യങ്ങളിലെയും ടീമുകൾക്കായി 400 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5000ത്തിൽ കൂടുതൽ റൺസും 280 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിലടക്കം 19 ടീമുകൾക്ക് വേണ്ടി ക്രിസ്റ്റ്യൻ കളിച്ചിട്ടുണ്ട്. മൂന്ന് ബിഗ് ബാഷ് ലീഗുകൾ ഉൾപ്പെടെ ഒമ്പത് കിരീടങ്ങളും ക്രിസ്റ്റ്യന്‍റെ പേരിലുണ്ട്. 2012 ൽ മെൽബണിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് നേടിയതാണ് ക്രിസ്റ്റ്യന്‍റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.