എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ബാധകം, ഓരോ തവണയും ഇടപാടിനുമുമ്പ് അനുമതിയോ ഒ ടി പിയോ നൽകേണ്ടിവരും
ഓട്ടോ ഡെബിറ്റ് നിയന്ത്രണം ഇന്നുമുതൽ; പണം കൈമാറാൻ ഇനി അക്കൗണ്ട് ഉടമയുടെ അനുവാദം വേണം
കൊച്ചി: ഇനി പണം കൈമാറുന്നതിനു മുമ്പ് അക്കൗണ്ട് ഉടമ അനുവാദം നൽകണം. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിന്ന് സ്വയമേവ പണം ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇത് ബാധകമാണ്.
നിശ്ചിത ഇടവേളകളിൽ അടയ്ക്കുന്ന വായ്പകളുടെ ഇ എം ഐ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, മ്യൂച്ചൽഫണ്ട് എസ് ഐ പി, ഇൻഷുറൻസ് പ്രീമിയം, ഒ ടി ടി വരിസംഖ്യ, വിവിധ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പണം കൈമാറുന്നതിനുമുമ്പ്, പുതിയ നിയമം പ്രകാരം ഇനി അക്കൗണ്ട് ഉടമ അനുവാദം നൽകണം. ഇല്ലെങ്കിൽ ഇടപാട് തടസ്സപ്പെടും. കാർഡുകൾ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് പണം നൽകുന്ന ഇടപാടുകൾക്കും ഓട്ടോ ഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
5,000 രൂപയ്ക്കുതാഴെയുള്ള ഇടപാടുകൾക്ക്, പണം കൈമാറുന്നതിന് 24 മണിക്കൂർമുമ്പ് ബാങ്കുകൾ അക്കൗണ്ട് ഉടമയുടെ അനുമതിക്കായി സന്ദേശം അയക്കും. തുകയും പണം കൈമാറുന്ന സ്ഥാപനത്തിന്റെ പേരും ഇടപാട് വിവരങ്ങൾ കാണുന്നതിനും ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുന്നതിനുമുള്ള ലിങ്കും ഈ സന്ദേശത്തിലുണ്ടാകും. അനുമതി നൽകുകയോ ഇടപാട് നിരസിക്കുകയോ ചെയ്യാം. 5000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് ഒ ടി പിയും വേണം. ഓരോ തവണയും ഇടപാടിനുമുമ്പ് അനുമതിയോ ഒ ടി പിയോ നൽകേണ്ടിവരും. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് നിയന്ത്രണമെന്ന് ആർ ബി ഐ പറയുന്നു.