നൂറ്റാണ്ടിലെ ശരാശരി താപനില 2.7 ഡിഗ്രി സെൽഷ്യസ് വർധനവിൻ്റെ പാതയിലെന്ന് യുഎൻഇപി
പ്രഖ്യാപിത നടപടികൾ മാത്രമാണ് കൈക്കൊള്ളുന്നതെങ്കിൽ നൂറ്റാണ്ടിലെ ശരാശരി താപനില 2.7 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാം. ഈ മാസം അവസാനം ഗ്ലാസ്‌ഗോയിൽ കാലാവസ്ഥാ വ്യതിയാന സമ്മേളനം ചേരാനിരിക്കെയാണ് യുഎൻഇപി യുടെ പുതിയ മുന്നറിയിപ്പ് വരുന്നത്.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യമായ 2 ഡിഗ്രി സെൽഷ്യസിനെ മറികടക്കുന്നതാണ് യുഎൻഇപി പ്രവചിക്കുന്ന 2.7 ഡിഗ്രി സെൽഷ്യസ്. വ്യാവസായിക വിപ്ലവപൂർവ കാലഘട്ടത്തെ അപേക്ഷിച്ച് ശരാശരി താപനില 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാൻ അനുവദിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നൽകിയിട്ടുള്ളത്. ആഗോള താപനത്തിൻ്റെ ഭാഗമായി പേമാരി, വരൾച്ച, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം, കാട്ടുതീ തുടങ്ങി വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.