അവിഹിതം

പാർക്കിംഗ് ഏരിയയിൽ വണ്ടി ഒതുക്കി, കിരൺ ആശുപത്രി ലക്ഷ്യമാക്കി നടന്നു.

പൊതുവേ തിരക്ക് കുറവായിരുന്നു

പ്രവേശന കവാടം കടന്ന് എൻക്വയറി ലക്ഷ്യമാക്കി നടന്നു.

“ആദി കിരൺ, 4 വയസ്സ്,സൺ ഓഫ് കിരൺ. തെക്കേടത്ത് വീട്.”

ഇതുതന്നെയല്ലേ?

എൻക്വയറിയിലെ സ്റ്റാഫ്, അഡ്രസ്സ് പറഞ്ഞുറപ്പിച്ചു കൊണ്ട്, അയാളോട് പറഞ്ഞു.

റൂം നമ്പർ 304. തേർഡ് ഫ്ലോർ.

ലിഫ്റ്റ് തേടി പിടിച്ച് കിരൺ അതിലേയ്ക്ക് കയറി. ലിഫ്റ്റിൽ അയാളെ കൂടാതെ ഒരു വൃദ്ധയായ സ്ത്രീയും, രണ്ട് ചെറുപ്പക്കാരും ഉണ്ടായിരുന്നു.

ലിഫ്റ്റിൽ നിന്നിറങ്ങി 304 ലക്ഷ്യമാക്കി നടക്കുമ്പോൾ കിരണിന് മനസ്സിൽ ഒരു കനം അനുഭവപ്പെട്ടു.

വരാൻ പോകുന്ന നിമിഷങ്ങൾ അഭിമുഖീകരിക്കാൻ അയാൾ മനസ്സിനെ പാകപ്പെടുത്തി കൊണ്ടേയിരുന്നു.

നീണ്ട ഇടനാഴി ചെന്ന് അവസാനിച്ചത് ഒരു ചെറിയ ഹാളിലാണ്. അവിടെ സന്ദർശകർക്കും ബൈസ്റ്റാൻഡേഴ്സിനും മറ്റും വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു.

കിരൺ അലസമായി ഹാളിലൂടെ കണ്ണോടിച്ചു.

രണ്ടു പരിചിത മുഖങ്ങളിൽ അവ പൊടുന്നനെ ഉടക്കി നിന്നു.

മിയയുടെ അമ്മയും ഗോപി മാമനും.

അവൻ പതിയെ അവർക്ക് നേരെ നടന്നു. കരണിനെ കണ്ട് അവരും ഇരിപ്പിടം വിട്ട് എഴുന്നേറ്റു. അൽപനേരത്തെ മൗനത്തിനു ശേഷം അമ്മ കനപ്പെട്ട ശബ്ദത്തിൽ കിരണിനോട് തിരക്കി.

‘ഉം'……….’എന്തേ’?

കിരൺ അവരുടെ തുളച്ചുകയറുന്ന നോട്ടത്തിനു മുൻപിൽ എന്തുപറയണമെന്നറിയാതെ നിന്നു.

‘വേണീ….’ഗോപിമാമൻ ശാസനാസ്വരത്തിൽ അമ്മയെ വിളിച്ചു. എന്നിട്ട് കിരണിനോട് പറഞ്ഞു.

“ദാ…ആ ഇടനാഴി കഴിഞ്ഞ് ആദ്യത്തെ റൂമാണ് പോയി കണ്ടോളൂ”

അമ്മാവനെ നോക്കി നന്ദിയോടെ ഒന്ന് മന്ദഹസിച്ച്, കിരൺ, ചൂണ്ടിക്കാണിച്ച മുറി ലക്ഷ്യമാക്കി നടന്നു.

304ന്റെ ഡോറിൽ രണ്ടുതവണ തട്ടിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടാകില്ല.

അയാൾ പതിയെ ഹാൻഡിൽ തിരിച്ച് മുറിയിലേക്ക് കയറി.

മുറിയിൽ ആശുപത്രികിടക്കയിൽ ക്ഷീണിച്ച് അവശനായ കുഞ്ഞിനെ കണ്ട് കിരണിന്റെ ഹൃദയം പിടഞ്ഞു പോയി.

അപ്പോഴേയ്ക്കും ശബ്ദം കേട്ട് കുഞ്ഞ് ഉണർന്നിരുന്നു.

“അച്ഛാ……” എന്ന് നീട്ടിവിളിച്ച് അവൻ തന്റെ കുഞ്ഞു കൈകൾ കിരണിന് നേർക്ക് വിടർത്തി.

അയാൾ അവനെ വാരിയെടുത്തു മാറോട് ചേർത്ത് മുത്തങ്ങൾ കൊണ്ട് മൂടി.

ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയ മിയ കണ്ടത് പരസ്പരം കെട്ടിപ്പുണർന്ന് സ്നേഹിക്കുന്ന അച്ഛനെയും മകനെയും ആണ്.

അവൾ കുറച്ചുനേരം അവരെ നോക്കി നിശബ്ദയായി നിന്നു.

പിന്നെ പതിയെ കസേരയിൽ കിരണിന് അഭിമുഖമായി ഇരുന്നു .

“വന്നിട്ട് കുറേ നേരമായോ?” അവൾ കിരണിനോട് നനുത്ത ശബ്ദത്തിൽ ആരാഞ്ഞു.

‘ഉം..ഹും'അയാൾ നിഷേധാർത്ഥത്തിൽ മൂളി.

'ഇന്ന് ഓഫീസിൽപോയില്ലേ'?

അവൾ വീണ്ടും ചോദിച്ചു.

‘ഇല്ല’അയാൾ ശാന്തനായി മറുപടി പറഞ്ഞു..

‘മോന് സുഖമില്ലെന്നറിഞ്ഞ് ഞാൻ ലീവ് ആക്കി'

‘അതേതായാലും നന്നായി! നിങ്ങളെ കണ്ടപ്പോൾ തന്നെ അവന്റെ പകുതി അസുഖം മാറി'.

മോന്റെ കുഞ്ഞിക്കാലുകൾ തെരുത്തു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

വീണ്ടും അവിടെ നിശബ്ദത തളം കെട്ടി.

“എന്താ നീ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്”? അല്പം കഴിഞ്ഞ് കിരൺ ചോദിച്ചു.

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല.

സമയം കടന്നു പോകുന്തോറും അവർക്കിടയിലെ മൗനത്തിന്റെ കട്ടി വർദ്ധിച്ചു കൊണ്ടേയിരുന്നു.

“കിരണേട്ടാ…..” അവസാനം എന്തും വരട്ടെ എന്ന മട്ടിൽ മിയ സംസാരിക്കാൻ തുടങ്ങി.

‘കിരണേട്ടാ, ഞാൻ കേട്ടത് സത്യമാണോ?’

‘എന്ത്?’മിഴികൾ കൂർപ്പിച്ച് കിരൺ മിയയെ നോക്കി.

‘അത്, അത്! അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞു.

‘അത് കിരണേട്ടന് ഓഫീസിലെ ഒരു സ്റ്റാഫുമായി അടുപ്പമുണ്ടെന്ന്.!’

“ഉണ്ട്” കിരൺ മറുപടി പറഞ്ഞു.

അതുകേട്ട് മിയ ഞെട്ടി ത്തളർന്നിരുന്നു പോയി.

“പക്ഷേ ആ അടുപ്പത്തിന് ഏത് പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല. പക്ഷേ നീയൊക്കെ വിചാരിക്കുന്ന വിധത്തിലുള്ള ഒന്നല്ല അത്.”

അവൻ പുച്ഛത്തോടെ ചിറി കോട്ടി.

“ഒരാണും പെണ്ണും സംസാരിച്ചാൽ ഒന്നടുത്തിടപഴകിയാൽ അതിനൊക്കെ നിങ്ങളുടെ കണ്ണിൽ ഒരേയൊരു നിറമേയുള്ളൂ….‘അവിഹിതം’അല്ലേ”?

അയാളുടെ ശബ്ദത്തിൽ ആത്മരോക്ഷം പ്രകടമായിരുന്നു.

അവൾ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.

“അതൊരു സാധു കുട്ടിയാണ്. ഹാർട്ട് പേഷ്യറ്റ്ആയ ഒരച്ഛൻ മാത്രമേ ഉള്ളൂ അതിന്.

അവരെ ഞാൻ സിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് സക്കറിയ മാത്യുവിനെ പരിചയപ്പെടുത്തി. അങ്ങോട്ടുള്ള യാത്രയിൽ അവർ എനിക്കൊപ്പം കാറിലുണ്ടായിരുന്നു.

ഇതിൽ അവിഹിതത്തിനു വേണ്ടുന്ന ചേരുവകൾ ഉണ്ടെന്ന് ഞാനറിഞ്ഞില്ല.”

അയാൾ വേദനയോടെ പറഞ്ഞു നിർത്തി.

‘ഭഗവാനെ!ആരോ എന്തൊക്കെയോ പറയുന്നത് കേട്ട് സത്യമാണെന്ന് തിരക്കാനുള്ള മനസ്സ് പോലും കാണിക്കാതെ ഞാൻ ചാടി പുറപ്പെട്ടുപോന്നു.

ഗോപിമാമ്മാവന്റെ വാക്കുകേട്ട് കിരണിനോട് സംസാരിച്ചില്ലായിരുന്നെങ്കിൽ കയ്യോലപ്പുറത്തെ തേങ്ങാ പോലെ ആയിപ്പോയേനെ എന്റെ ജീവിതം.!

മിയ നെടുവീർപ്പിട്ടു !

ചിന്തയിൽ മുഴുകി ഇരിക്കുന്ന അവളുടെ തലയ്ക്കൊരു തട്ടു കൊടുത്തുകൊണ്ട് കിരൺ ചോദിച്ചു.

‘ഇപ്പോ തീർന്നോ നിന്റെ ഒടുക്കത്തെ സംശയം!’

അതുകേട്ട മിയയുടെ ചുണ്ടിൽ ഒരു ആശ്വാസ പുഞ്ചിരി വിടർന്നു.

Related Posts