'ഇടം' ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം ലോഗോ പ്രകാശനം ചെയ്തു

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹികവെല്ലുവിളികളെ കുറിച്ചുള്ള ബോധവത്കരണ ക്യാമ്പയിന്‍ 'ഇട'ത്തിന് ജില്ലയില്‍ തുടക്കം. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ബോധവല്‍ക്കരണക്യാമ്പയിന്‍ ഇടത്തിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത. വി. കുമാര്‍ ട്രാന്‍സ് പ്രതിനിധിയും കവയിത്രിയുമായ വിജയരാജമല്ലികയ്ക്ക് ലോഗോ നല്‍കി നിര്‍വ്വഹിച്ചു. ബോധവല്‍ക്കരണ പരസ്യചിത്രവും ഇതോടൊപ്പം പുറത്തിറക്കി.

എല്ലാ ലിംഗക്കാര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ക്യാമ്പയിന്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ പൊതുജനങ്ങള്‍ ഇതരലിംഗക്കാര്‍ തുടങ്ങി പൊതുആരോഗ്യ സംവിധാനത്തിലെ മുഖ്യപങ്കാളികളെ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വനിതാദിനത്തില്‍ സംസ്ഥാന ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി നിര്‍വഹിച്ചിരുന്നു. സര്‍ക്കാരിന്റെ വിവിധ പുരോഗമന പ്രവര്‍ത്തനങ്ങളിലൂടെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിലും സ്വീകാര്യതയിലും മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും മറ്റും സേവനങ്ങള്‍ തടസം കൂടാതെ ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് ലഭിക്കുവാന്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ ആവശ്യമാണ്. ഇതിന്റെ ആദ്യപടിയായാണ് ഇടം ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി ചുവര്‍ചിത്ര സന്ദേശങ്ങളും ബോര്‍ഡുകളും പോസ്റ്ററുകളും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പരസ്യപ്രചാരണവും നടത്തും.

ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാഹുല്‍ യു ആര്‍, സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫീസര്‍ അസര്‍ ഷാ, വനിതാശിശു വികസനവകുപ്പ് ഓഫീസര്‍ മീര, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹരിത ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts