മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ കമേഴ്സ്യൽ സിനിമ 'ആയിഷ', ജന്മദിനത്തിൽ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനവുമായി മഞ്ജുവാര്യർ

ജന്മദിനാഘോഷ വേളയിൽ പുതിയ ചിത്രത്തെ പറ്റിയുള്ള പ്രഖ്യാപനം നടത്തി മഞ്ജുവാര്യർ. 'ആയിഷ' എന്നാണ് ചിത്രത്തിൻ്റെ പേര്. മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ കമേഴ്സ്യൽ സിനിമ എന്ന വിശേഷണമാണ് മഞ്ജു ചിത്രത്തിന് നൽകുന്നത്. ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അമീർ പളളിക്കൽ എന്ന നവാഗത സംവിധായകനാണ് ആയിഷ സംവിധാനം ചെയ്യുന്നത്. 'ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്റ്ററായിരുന്ന അമീർ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സക്കറിയ നിർമിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിങ്ങ് അപ്പു എൻ ഭട്ടതിരിയുമാണ്. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം മസ്ഹർ ഹംസ. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരാണ് ചിത്രത്തിൻ്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്.