ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും: ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍
തൃശ്ശൂർ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സമൂഹത്തിലെ ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ നിയമ സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി നേതൃത്വം നല്‍കുമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസും കെല്‍സ ചെയര്‍മാനുമായ കെ വിനോദ് ചന്ദ്രന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് നിയമ അവബോധം എത്തിക്കുന്നതിനൊപ്പം സൗജന്യ നിയമ സഹായവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അതോടൊപ്പം നീതി നിഷേധിക്കുന്നവരില്‍ നീതി ബോധം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും അതോറിറ്റി നടത്തും.
പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്ന് കാണുന്ന പുരോഗതി കൈവരിക്കാനായത്. സമൂഹത്തില്‍ അവഗണന നേടുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച ഭിന്നലിംഗക്കാരായ ഡോ. വി എസ് പ്രിയ, വിജയരാജമല്ലിക, നിമിഷ ജെന്‍സണ്‍, പ്രവീണ്‍ നാഥ്, അനുമായ എന്നിവരെ ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളും ചടങ്ങില്‍ ആരംഭിച്ചു. തുടര്‍ന്ന് അറസ്റ്റും ജാമ്യവും എന്ന വിഷയത്തില്‍ അഡ്വ.പയസ് മാത്യുവിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും ചര്‍ച്ചയും നടന്നു.
പ്രിൻസിപ്പൽ ജില്ലാ സെഷന്‍ ജഡ്ജിയും ഡിഎല്‍എസ്എ ചെയര്‍മാനുമായ പി ജെ വിന്‍സന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ ടി നിസാര്‍ അഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍,
റൂറല്‍ എസ്പി ജി പൂങ്കുഴലി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ സണ്ണി ജോര്‍ജ്, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രതിനിധി വിജയരാജമല്ലിക, അഡ്വക്കേറ്റ് ക്ലര്‍ക്‌സ് പ്രസിഡന്റ് കെ എസ് സുധീരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെഷന്‍ ജഡ്ജും ടി എല്‍ എസ് സി ചെയര്‍മാനുമായ പി എല്‍ വിനോദ് സ്വാഗതവും തൃശൂര്‍ ഡി എല്‍ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ പി എസ് നിഷി നന്ദിയും പറഞ്ഞു.