അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതോടെയാണ് തീരവാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അഴീക്കോട് ആരംഭിക്കുമ്പോള്‍ ഒരു വാഗ്ദാനം കൂടി നിറവേറ്റപ്പെടുകയാണെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

കയ്പമംഗലം നിയോജകമണ്ഡലത്തില്‍ എറിയാട് പഞ്ചായത്തിലെ അഴീക്കോടാണ് ഫിഷറീസ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. അഴീക്കോട് മുതല്‍ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, കടല്‍ നിയമങ്ങള്‍ പാലിച്ച് അനധികൃത മത്സ്യബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫിഷറീസ് സ്റ്റേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും കടലില്‍ വെച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാനും സ്റ്റേഷനോട് അനുബന്ധിച്ച് മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെയും കടല്‍സുരക്ഷാ ഗാര്‍ഡുകളുടെയും പ്രവര്‍ത്തനമുണ്ടാകും. ജില്ലയില്‍ 16 പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന തീരദേശമേഖലയ്ക്കായുള്ള പദ്ധതി 2019 ജനുവരി 11 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധിയ്ക്കാണ് പുതിയ മന്ത്രിസഭാ തീരുമാനത്തോടെ പരിഹാരമായത്.

ഉത്തരവ് നിലവില്‍ വരുന്നതോടെ ഫിഷറീസ് സ്റ്റേഷനില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്ന് തസ്തികകളും ലഭിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും എംഎല്‍എ അറിയിച്ചു.

Related Posts