ഡിയര്‍മൂണ്‍ പദ്ധതിയിലൂടെ നടന്‍ 'ബാല്‍ വീര്‍' ദേവ് ജോഷി ചന്ദ്രനിലേക്ക്
'ബാല വീർ' പരമ്പരയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഇടം നേടിയ ദേവ് ജോഷി ഒരാഴ്ച നീണ്ടുനിൽക്കുന്ന ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. 2023 ലെ 'ഡിയർ മൂൺ' ദൗത്യത്തിന്‍റെ ഭാഗമായി ദേവ് സ്പേസ് എക്സിൽ ചന്ദ്രനിലെത്തും. 2017 ലാണ് ഡിയർ മൂൺ പദ്ധതി പ്രഖ്യാപിച്ചത്. 2018 ൽ ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്സാവ റോക്കറ്റിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തു. ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായ എട്ട് പേരുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത്തരമൊരു പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്റ്റാർ കിഡ് ജോഷി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. ഗുജറാത്ത് സ്വദേശിയായ ദേവ് മൂന്നാം വയസ്സുമുതൽ അഭിനയരംഗത്തുണ്ട്. പരസ്യ ചിത്രങ്ങൾ, ടെലിവിഷൻ ഷോകൾ, രണ്ട് ഫീച്ചർ ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ൽ, 18 വയസ്സിൽ താഴെയുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബാൽ ശക്തി അവാർഡ്' അദ്ദേഹത്തിന് ലഭിച്ചു.