ഓര്‍മകളിൽ 'ബബിയ'; സ്‌മാരക മണ്ഡപം ഒരുക്കാന്‍ ക്ഷേത്രഭാരവാഹികള്‍
കുമ്പള (കാസര്‍കോട്): അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതലയായ 'ബബിയ' ഇനി ഓർമകളിൽ. ബബിയക്ക് സ്മാരക മണ്ഡപം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. സംസ്കാരം നടത്തിയ സ്ഥലത്ത് തന്നെ മണ്ഡപം പണിയാനാണ് തീരുമാനം. തികച്ചും സസ്യാഹാരിയായ മുതല ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിസ്മയക്കാഴ്ച്ച ആയിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തുള്ള കുളത്തിന്‍റെ തീരത്ത് ബബിയയെ നിശ്ചലമായി കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു. ക്ഷേത്രം അധികൃതർ അറിയിച്ചതനുസരിച്ച് മംഗളൂരുവിലെ പിലിക്കുള വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു. ഏകദേശം 80 വർഷം വയസ്സ് ഉള്ളതായി കണക്കാക്കുന്നു.