പുറം വേദന; ബാറ്റിങ്ങിന് ഇറങ്ങാതെ ശ്രേയസ്, ഇന്ത്യയ്ക്ക് തിരിച്ചടി
അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിയാതെ യുവതാരം ശ്രേയസ് അയ്യർ. മൂന്നാം ദിവസത്തെ കളിയ്ക്ക് ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്കാനിംഗിന് വിധേയനായി. നാലാം ദിവസം ശ്രേയസ് ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമോ എന്നും വ്യക്തമല്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുമോ എന്നതും സംശയമാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യർ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ചികിത്സയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഡൽഹി, ഇൻഡോർ ടെസ്റ്റുകളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അവസാന ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 91 റൺസിന്റെ ലീഡ് നേടി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 571 റൺസെടുത്തു. കരിയറിലെ 75-ാം സെഞ്ചുറിയാണ് നാലാം ദിനം വിരാട് കോഹ്ലി നേടിയത്. 364 പന്തിൽ നിന്ന് 186 റൺസാണ് താരം നേടിയത്. 113 പന്തിൽ 79 റൺസെടുത്ത അക്സർ പട്ടേൽ അർധസെഞ്ചുറി നേടി.