വീണ്ടും മോശം പെരുമാറ്റം; എയർ ഹോസ്റ്റസിനോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി

പനജി: വിമാനത്തിനുള്ളിൽ വീണ്ടും മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളിലെ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിദേശ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ തന്നോടൊപ്പം ഇരിക്കാൻ നിർബന്ധിക്കുകയും തൊട്ടടുത്തിരുന്ന വ്യക്തിയോട് അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് സംഭവം. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്ദേഹത്തെ സിഐഎസ്എഫിനു കൈമാറി. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് ഡിജിസിഎ കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിനു ശേഷമുള്ള ആദ്യ കേസാണിത്. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികന്‍റെ ദേഹത്ത് മദ്യലഹരിയിൽ മൂത്രമൊഴിച്ചതിനു മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ (34) ഡൽഹി പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഡൽഹിയിൽ എത്തിച്ച് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടയിലാണ് മിശ്ര 71 കാരിയായ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്.

Related Posts