ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പ്; സൈനയ്ക്കും ട്രസയ്ക്കും മികച്ച തുടക്കം
ടോക്കിയോ: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളിനും കേരളത്തിന്‍റെ ട്രെസ ജോളിയ്ക്കും മികച്ച തുടക്കം. ആദ്യ മത്സരത്തിൽ സൈന നെഹ്‌വാൾ ഹോങ്കോങ്ങിന്‍റെ ചെങ് ങാൻ യിയെ 21-19, 21-9 എന്ന സ്കോറിന് തോൽപ്പിച്ചു. രണ്ടാം റൗണ്ടിൽ ബൈ നേടിയ ശേഷമാണ് സൈന പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ടാം റൗണ്ടിൽ സൈനയുടെ എതിരാളി ജപ്പാന്‍റെ നവോമി ഒകുഹാര പരിക്ക് കാരണം പിൻമാറി. പിവി സിന്ധുവിന്‍റെ അഭാവത്തിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷ 32 കാരിയായ സൈനയിലാണ്. വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം മലേഷ്യയുടെ യുവാൻ ലോ- വലേരി സിയോ സഖ്യത്തെ 21-11, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയുടെ അശ്വിനി ഭട്ട് - ശിഖ ഗൗതം സഖ്യവും ആദ്യ മത്സരത്തിൽ വിജയിച്ചു. എന്നാൽ പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവർധൻ സഖ്യവും മിക്സ്ഡ് ഡബിൾസിൽ ഇഷാൻ ഭട്നഗർ – തനിഷ ക്രാസ്റ്റോ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.