ഒരു വർഷത്തിനിടെ മെഡിക്കൽ കോളേജിൽ പത്ത് പേരാണ് ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയത്.
ബ്ളാക്ക് ഫംഗസ് ബാധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ രണ്ടു പേർ ചികിത്സയിൽ.
മുളങ്കുന്നത്ത്കാവ്:
പാലക്കാട് സ്വദേശികളായ രണ്ട് പുരുഷൻമാരാണ് ചികിത്സയിലുള്ളത്. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗികളിൽ ഒരാൾ കൊവിഡ് സ്ഥിരീകരിച്ച ശേഷം നെഗറ്റീവ് ആയതാണ്. ഇദ്ദേഹത്തെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വർഷത്തിനിടെ മെഡിക്കൽ കോളേജിൽ പത്ത് പേരാണ് ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ഫംഗസ് ബാധിച്ച പത്ത് പേരിൽ രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
ശക്തിയേറിയ ഫംഗസ് ആണെങ്കിലും ഫംഗസ് ബാധിച്ച ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ലെന്നും. നീണ്ടു നിൽക്കുന്ന തലവേദന, മൂക്കിൽ നിന്ന് ശ്രവം വരുക, മുഖത്ത് നീര് വന്ന് വീർക്കുക, മൂക്കിന്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് കലർന്ന നിറ വ്യത്യാസം ഉണ്ടാകുക, കണ്ണൂകൾ തള്ളി വരുക, കാഴ്ചക്ക് തകരാർ എന്നീ ലക്ഷണങ്ങൾ കാണിക്കും എന്നതിനാൽ തുടക്കത്തിൽ ചികിത്സ തേടിയാൽ അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെടാമെന്നും ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ പറഞ്ഞു.