ഇനി ചോര കൊണ്ട് കളിക്കണ്ട; തമിഴ്നാട്ടിൽ 'ബ്ലഡ് ആർട്ടി'ന് നിരോധനം
ചെന്നൈ: തമിഴ്നാട്ടിൽ 'ബ്ലഡ് ആർട്ട്' നിരോധിച്ച് സംസ്ഥാന സർക്കാർ. ചിത്രങ്ങൾ വരയ്ക്കാൻ രക്തം ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് 'ബ്ലഡ് ആർട്ട്' നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. "രക്തം ശേഖരിച്ച് ഛായാചിത്രങ്ങൾ വരയ്ക്കാൻ അത് ഉപയോഗിക്കുന്ന ഒരു പുതിയ സംസ്കാരം തമിഴ്നാട്ടിൽ വ്യാപിക്കുകയാണ്. ഇത് തികച്ചും അപലപനീയമാണ്. രക്തദാനം വളരെ പവിത്രമായ ഒരു കാര്യമാണ്. എന്നാൽ, ഇത്തരം ബാലിശമായ ആവശ്യങ്ങൾക്കായി രക്തം ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സ്വീകാര്യമല്ല," മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിൽ, ശുചിത്വമില്ലാതെയും യാതൊരു നിബന്ധനകളും പാലിക്കാതെയുമാണ് രക്തം ശേഖരിക്കുന്നത്. രക്തം ശേഖരിക്കുന്ന സൂചി പലരിലും ഉപയോഗിച്ചിരിക്കാം. ഇത് മാരകമായ അണുബാധയ്ക്ക് പോലും കാരണമാകും. ബ്ലഡ് ആര്‍ട്ടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കുപ്പികൾ, സിറിഞ്ചുകൾ, എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. "അതിനാൽ, ബ്ലഡ് ആര്‍ട്ട് ഇന്ന് മുതൽ നിരോധിച്ചിരിക്കുന്നു. ആരെങ്കിലും ഇത് തുടർന്നാൽ നടപടി സ്വീകരിക്കും". ഇത്തരം കാര്യങ്ങൾക്ക് അടിമപ്പെടരുതെന്നും മന്ത്രി യുവാക്കളോട് അഭ്യർത്ഥിച്ചു.