സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം
കേരളത്തിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും വെള്ളിയാഴ്‌ച ഹാർബറുകളിൽ പ്രവേശിക്കും. മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.