ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ്; നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ്

ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. ജയിക്കാൻ 241 റൺസ് വേണം. ഇന്ത്യ വിജയത്തിൽ നിന്ന് 4 വിക്കറ്റ് മാത്രം അകലെയാണ്. നാലാം ദിനം കളി പുനരാരംഭിച്ച ബംഗ്ലാദേശിന് 224 പന്തിൽ 100 റൺസ് നേടിയ ഓപ്പണർ സാക്കിർ ഹസൻ കരുത്തേകി. മറ്റൊരു ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്‍റോ (156 പന്തിൽ 67) അർധസെഞ്ചുറി നേടി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് കൂട്ടിച്ചേർത്തു. ഷാന്‍റോയെ പുറത്താക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് തകർത്തത്. യാസിർ അലി (12 പന്തിൽ 5), ലിറ്റൻ ദാസ് (59 പന്തിൽ 19) എന്നിവർ അതിവേഗം മടങ്ങി. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ അശ്വിൻ സാക്കിർ ഹസനെ പുറത്താക്കി. മുഷ്ഫിഖുർ റഹീം (50 പന്തിൽ 23), നൂറുൽ ഹസൻ (3 പന്തിൽ 3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (69 പന്തിൽ 40), മെഹിദി ഹസൻ (40 പന്തിൽ 9) എന്നിവരാണ് ക്രീസിൽ.

Related Posts