ബി എസ് ബി ഡി അക്കൗണ്ട് സേവന നിരക്കുകൾ കൂട്ടി എസ്‌ ബി‌ ഐ.

തിരുവനന്തപുരം:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചാർജുകളോ ഫീസുകളോ ഇല്ലാതെ ബാങ്ക് നിക്ഷേപം ആരംഭിക്കാൻ സഹായിക്കുന്ന എസ്‌ ബി‌ ഐ അക്കൗണ്ടായ ബേസിക് സേവിങ്സ്‌ ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്‌ (ബിഎസ്ബിഡി) ഉടമകൾക്കുള്ള സേവന നിരക്കുകൾ ഇന്ന് മുതൽ കൂടും.

ബി എസ് ബി ഡി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷം 10 ചെക്ക് ലീഫ്‌ മാത്രമാണ്‌ സൗജന്യമായി നൽകുക. അധിക ചെക്കുകൾക്ക്‌  നിരക്ക് ഈടാക്കും.

10 ചെക്ക് ലീഫിന്‌ 40 രൂപയും ജി എസ് ടിയും 25 ചെക്ക് ലീഫിന്‌ 75 രൂപയും ജി എസ് ടിയും ഈടാക്കും. എമർജൻസി ചെക്ക് ബുക്കിന് 10 ലീഫിന്‌ 50 രൂപയും ജി എസ് ടിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.

ബി‌ എസ്‌ ബി ഡി അക്കൗണ്ട് ഉടമകൾക്ക് എ ടി എമ്മിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും ഉൾപ്പെടെ നാല് തവണ മാത്രമാണ്‌ സൗജന്യമായി പണം പിൻവലിക്കാനാവുക. സൗജന്യ പരിധിയിൽ കൂടുതലുള്ള ഓരോ ഇടപാടിനും 15 രൂപയും ജി എസ് ടിയും ഈടാക്കും. പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ ഹോം ബ്രാഞ്ചിലും എ ടി എമ്മുകളിലും എസ്‌ ബി‌ ഐ ഇതര എ ടി എമ്മുകളിലും ബാധകമാണ്.

Related Posts