ബൈക്കിൽ സഞ്ചരിക്കുമ്പോൾ സോപ്പ് തേച്ചു കുളി; യുവാക്കൾ പൊലീസ് പിടിയിൽ
കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിൽ യാത്ര ചെയ്ത് സോപ്പ് തേച്ചു കുളിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭരണിക്കാവ് ജംഗ്ഷനിലൂടെയാണ് യുവാക്കൾ അത്തരമൊരു യാത്ര നടത്തിയത്. രണ്ടുപേരും അർദ്ധനഗ്നരായി സോപ്പ് തേച്ച് കുളിച്ചായിരുന്നു യാത്ര. ഇതിന്‍റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ ശാസ്താംകോട്ട പൊലീസിലും എത്തി. പൊലീസിന്‍റെ ആഹ്വാനപ്രകാരം ഇന്നലെ വൈകുന്നേരമാണ് ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരായത്. "കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയിൽ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് വേണ്ടി ചെയ്തതാണ്" ഇവർ പോലീസിനോട് പറഞ്ഞു.