ബി ബി സി ഡോക്യൂമെൻ്ററി വിവാദം; നിലപാട് വ്യക്തമാക്കി യു എസ്
വാഷിങ്ടൻ: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും ഉയർത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഈ നിലപാട്. "ലോകമെമ്പാടും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ജനാധിപത്യ തത്വങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്". ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ബന്ധങ്ങളിൽ തങ്ങൾ ഇക്കാര്യം ഉറപ്പാക്കുന്നുവെന്നും യുഎസ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. താൻ ഡോക്യുമെന്‍ററി കണ്ടിട്ടില്ല. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയാം. അവ അതേപടി നിലനിൽക്കും. ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴെല്ലാം തങ്ങൾ അതിനോട് പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.