30 വർഷം പഴക്കമുള്ള പക തീർക്കാൻ 101 തവണ കുത്തി അധ്യാപികയെ കൊലപ്പെടുത്തി ബെൽജിയത്തിലെ പൂർവ വിദ്യാർഥി
മൂന്ന് പതിറ്റാണ്ട് മുമ്പ് അധ്യാപികയിൽ നിന്നുണ്ടായ അപമാനത്തിന് പക തീർക്കാൻ അവരെ 101 തവണ കുത്തി കൊലപ്പെടുത്തി പൂർവ വിദ്യാർഥി. ബെൽജിയത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.
ഗുണ്ടർ ഉവെന്റ്സ് എന്ന 37-കാരനാണ് കൊലപാതകി. ഏഴാം വയസ്സിൽ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് അധ്യാപികയിൽനിന്ന് തനിക്ക് തിക്തമായ അനുഭവം ഉണ്ടായതെന്ന് അയാൾ പൊലീസിനോട് വെളിപ്പെടുത്തി. 1990-കളുടെ തുടക്കത്തിലാണ് സംഭവം. അധ്യാപികയായ മരിയ വെർലിൻഡൻ ക്ലാസിൽ മറ്റ് വിദ്യാർഥികൾക്ക് മുന്നിൽ വെച്ച് തന്നെ നാണം കെടുത്തി. 30 കൊല്ലം കഴിഞ്ഞിട്ടും തൻ്റെ പക കെട്ടടങ്ങിയിട്ടില്ലെന്ന് ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആന്റ്‌വെർപിനടുത്തുള്ള ഹെറന്റലിലെ വീട്ടിൽ വെച്ചാണ് 59-കാരിയായ വെർലിൻഡന്റെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ അതീവ തത്പരനായ അറിയപ്പെടുന്ന ക്രിസ്ത്യാനിയാണ് ഉവെന്റ്സ് എന്ന് ബെൽജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.