വെള്ളക്കെട്ടിൽ മുങ്ങി ബെംഗളൂരു ; റോഡുകളിൽ മീനുകളും സജീവം
ബെംഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിലെ റോഡുകൾ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോൾ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. റോഡ് ആറ് ആയതോടെ നഗരത്തിൽ നിന്ന് മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡിന് നടുവിൽ നിന്ന് പിടിച്ച സിങ്കാര മത്സ്യത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബെല്ലണ്ടൂരിലെ ഇക്കോസ്പേസിന് സമീപത്തെ റോഡിൽ നിന്നാണ് മീൻ കിട്ടിയത്. ഉദ്യോഗസ്ഥർ മീനും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതേസമയം, തുടർച്ചയായ മഴയിൽ നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം റായ്ച്ചൂർ ജില്ലയിലെ മസ്കിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് തുടർച്ചയായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് 820 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏകദേശം 7,647.13 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവിൽ ഉണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,012.5 കോടി രൂപ അനുവദിക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ ഔട്ടർ റിംഗ് റോഡ്, ബെല്ലാരി റോഡ്, കനക്പുര റോഡ് എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.