6 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിൽ

ബെംഗളൂരു: 6 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കനത്ത മഴയിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ, വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8,480 കോടി ചെലവിൽ നിർമ്മിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ദേശീയപാതയിലെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാരിൽ ചിലർ സർക്കാരിനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. " കാർ വെള്ളക്കെട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. അപ്പോൾ പിന്നിൽ വന്ന ലോറി കാറിൽ ഇടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്‍റെ കാർ നന്നാക്കാൻ ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. പക്ഷെ അദ്ദേഹം ആ വഴി പരിശോധിച്ചോ? വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു. ബമ്പർ-ടു-ബമ്പർ (വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇടിക്കുന്ന അപകടങ്ങൾ) അപകടങ്ങളിൽ തന്‍റെ വാഹനമാണ് ഒന്നാം സ്ഥാനത്തെന്ന് പറഞ്ഞ നാഗരാജു അപകടങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. പ്രധാനമന്ത്രി ഇപ്പോൾ വന്നിരുന്നെങ്കിൽ 10 മിനിറ്റിനുള്ളിൽ വെള്ളക്കെട്ട് നീക്കം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts