2022-ലെ യുവേഫയുടെ ഏറ്റവും മികച്ച താരമായി ബെന്‍സേമ
നിയോണ്‍: 2022 ലെ യുവേഫയുടെ മികച്ച പുരുഷ താരമായി റയൽ മാഡ്രിഡിന്‍റെ കരീം ബെൻസേമ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ റയലിനായി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ബലത്തിലാണ് ബെൻസേമയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ചാമ്പ്യൻസ് ലീഗ് കിരീടവും ലാ ലിഗ കിരീടവും റയലിന് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബെൻസേമ അവസാന റൗണ്ടിൽ റയലിന്‍റെ തന്നെ തിബോ കുര്‍ട്വയെയും, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനെയും പരാജയപ്പെടുത്തിയാണ് പുരസ്കാരം നേടിയത്. കഴിഞ്ഞ വർഷം ചെൽസിയുടെ ജോർജീന്യോയാണ് ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് ബെൻസേമ നേടിയത്. താരത്തിന്റെ പേരിൽ ഒരു അസിസ്റ്റും ഉണ്ട്. ഈ അവാർഡോടെ, 2022 ലെ മികച്ച ഫുട്ബോൾ താരത്തിനുളള ബാലൺ ഡി ഓർ അവാർഡ് ബെൻസേമയ്ക്ക് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായി. ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബറിലാണ് പ്രഖ്യാപിക്കുന്നത്.