മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ വിജയകുമാരി ടീച്ചറും

ജില്ലയിൽ നിന്ന് 4 പേർ നേട്ടത്തിൽ

സംസ്ഥാന സർക്കാരിൻ്റെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന പുരസ്ക്കാര നിറവിൽ കെ എം വിജയകുമാരിയും. പുഴയ്ക്കൽ ബ്ലോക്കിലെ കോലഴി പഞ്ചായത്തിൽ 176 നമ്പർ അങ്കണവാടിയിലേക്കാണ് പുരസ്‌ക്കാരം എത്തിയത്. അങ്കണവാടിയിലെത്തുന്ന കുട്ടികളെ പഠിപ്പിക്കൽ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് വിജയകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നത്. പുഴയ്ക്കൽ ബ്ലോക്കിലെ 6 പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിൽ വിജയകുമാരി ടീച്ചറായിരുന്നു മുന്നിട്ടു നിന്നിരുന്നത്. അത് പുരസ്ക്കാര നേട്ടത്തിനും കാരണമായി. കഴിഞ്ഞ 21 വർഷമായി അധ്യാപികയായി സേവനമനുഷ്ടിക്കുന്ന വിജയകുമാരി ഇനിയുള്ള 6 വർഷം കൂടി മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭർത്താവ് ചന്ദ്രനും മൂന്ന് മക്കളോടുമൊപ്പം പുരസ്‌ക്കാരം ലഭിച്ചതിൻ്റെ സന്തോഷം പങ്കുവയ്ക്കുകയാണ് വിജയകുമാരി.

ഓരോ വർഷവും എത്ര മീറ്റിംഗ്, ക്ലാസുകൾ, ഗുണഭോക്താക്കളുടെ വിവര ശേഖരണം എന്നിവയുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ടീച്ചർമാർക്കുള്ള പുരസ്ക്കാരം നിർണയിക്കുന്നത്. വിജയകുമാരിക്ക് പുറമെ ചാലക്കുടി അഡീഷണലിൽ നിന്ന് സിസിലി എം എ, ചാവക്കാട് ഐസിഡിഎസിൽ നിന്ന് ഷീല പി ആർ, ചൊവ്വന്നൂർ അഡീഷണലിൽ നിന്ന് സുഗന്ധി എന്നിവരും പുരസ്കാര നേട്ടത്തിന് അർഹരായി. കോവിഡ് മഹാമാരി കാലത്തും കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളുമായി കർമ്മനിരതരാണ് ഈ അധ്യാപകർ.

Related Posts