പഞ്ചാബിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ത് സിങ്ങ് മൻ
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ത് സിങ്ങ് മൻ. ജനഹിത പരിശോധന നടത്തിയാണ് എ എ പി യുടെ പഞ്ചാബ് ഘടകം മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുത്തത്.
22 ലക്ഷത്തോളം പേർ പങ്കെടുത്ത സർവേയിൽ 93.3 ശതമാനം പേരും ഭഗവന്ത് സിങ്ങ് മന്നിനെ പിന്തുണച്ചതായി എ എ പി വക്താവ് അറിയിച്ചു. പഞ്ചാബിൽ ജനകീയ അടിത്തറ ഏറ്റവുമധികമുള്ള എ എ പി നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ജാട്ട് വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമാണ് ഉള്ളത്. മികച്ച പ്രസംഗകൻ കൂടിയായ മന്നിന് അടിത്തട്ട് ജനവിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. നിലവിൽ എ എ പി എം പി കൂടിയാണ് അദ്ദേഹം.