ഭജ്രംഗി 2 ഇന്നുമുതൽ, പേരുപോലെ വ്യത്യസ്തയാണ് തൻ്റെ ചിൻമിങ്കി എന്ന കഥാപാത്രമെന്ന് ഭാവന
ഇന്ന് റിലീസ് ചെയ്യുന്ന കന്നട ചിത്രം ഭജ്രംഗി 2-വിലെ ചിൻമിങ്കി എന്ന കഥാപാത്രം പേരുപോലെ തന്നെ വ്യത്യസ്തയാണെന്ന് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം ഭാവന. ഉൾക്കരുത്തും തൻ്റേടവുമുള്ള, തീക്ഷ്ണമായി പ്രതികരിക്കുന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത്. ശിവ് രാജ്കുമാറാണ് ചിത്രത്തിലെ നായകൻ.
എട്ടുവർഷം മുമ്പാണ് ഭജ്രംഗിയുടെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. ജയണ്ണ നിർമിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും എ ഹർഷയാണ്. ശ്രുതി, സൗരവ് ലോകേഷ്, ശിവ് രാജ് കെ ആർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ജന്യയാണ് സംഗീത സംവിധാനം.
നേരത്തേ സിദ് ശ്രീറാം പാടിയ ചിത്രത്തിലെ ഒരു ഗാനം ഒരു ടെലിവിഷൻ ചാനലിൻ്റെ അവാർഡ് ദാനച്ചടങ്ങിൽ അവതരിപ്പിക്കാനായി റിഹേഴ്സൽ ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.