ഭാരത ബന്ദിന് ഐക്യദാർഢ്യം: കേരളത്തിൽ ഹർത്താൽ തുടങ്ങി
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് തുടക്കമായി. രാവിലെ 6 മുതൽ വൈകീട്ട് 4 വരെ പത്ത് മണിക്കൂറാണ് രാജ്യവ്യാപകമായി ബന്ദ് ആചരിക്കുന്നത്.
ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച ഹർത്താലിനും തുടക്കമായി. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ പന്ത്രണ്ട് മണിക്കൂറാണ് ഹർത്താൽ. ഹർത്താലിനും ദേശീയ പണിമുടക്കിനും ഭരണ, പ്രതിപക്ഷ മുന്നണികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു. അവശ്യ സേവനങ്ങൾ തടയില്ല. പതിവു സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും അവശ്യ സേവന സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. വൈകീട്ട് 6 നു ശേഷം ദീർഘദൂര സർവീസ് പുനരാരംഭിക്കും.
കാർഷിക മേഖലയെ തകർച്ചയിലേക്ക് തള്ളിവിടുന്ന വിവാദമായ മൂന്ന് കാർഷിക നിയമ ഭേദഗതികളും പിൻവലിക്കണം എന്ന ആവശ്യമുന്നയിച്ച് ഒരു വർഷമായി കർഷക സംഘടനകൾ തുടർച്ചയായ സമരത്തിലാണ്.