ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍; വില 800ന് മുകളില്‍
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിൻ്റെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ്റെ വില പുറത്തുവിട്ടു. നികുതിക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍റെ വില 800 രൂപയാണ്. വാക്സിനേഷൻ ആവശ്യമുള്ളവർക്ക് കോവിൻ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ജനുവരി അവസാന വാരം വാക്സിൻ പുറത്തിറക്കും. വാക്സിൻ കൂടുതൽ ഉത്പാദിപ്പിക്കുന്നതോടെ ഒരു ഡോസിന് 325 രൂപ നിരക്കിൽ വാക്സിൻ ലഭ്യമാകും. കോവിഷീൽഡും കോവാക്സിനും സ്വീകരിച്ച 18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നേസൽ വാക്സിൻ എടുക്കാം. വാക്സിൻ ഇന്‍കോവാക്(ബി ബി വി 154) എന്ന പേരിലായിരിക്കും അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളിൽ വാക്സിന്‍റെ നിയന്ത്രിത ഉപയോഗത്തിനു കഴിഞ്ഞ വർഷം നവംബറിലാണ് അനുമതി ലഭിച്ചത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസൽ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് ആൻഡ് കോവോവാക്സ്, റഷ്യൻ വാക്സിനായ സ്പുട്നിക് വി, ബയോളജിക്കൽ ഇയുടെ കോർബെവാക്സ് എന്നിവ നിലവിൽ കോവിൻ പോർട്ടലിൽ ലഭ്യമാണ്.